Friday, 13 July 2018

അമ്മേ...

അതെ, ആ ദീപനാളം അണഞ്ഞുപോയി!

ജീവിതത്തിൻ്റെ കൊടുംകാറ്റിൽ പെട്ടുലഞ്ഞു
പടുതിരി കത്തി കെടാൻ വെമ്പിയ
എൻ്റെ ആത്മാവിലെ മൺവിളക്കിൽ
സ്നേഹത്തിൻ കൈത്തിരിയായ്
എന്നിലും നിന്നാത്മദീപം തെളിയിച്ച വാത്സല്യതേജസ്
ഇന്നെന്നെ വിട്ടകലുമ്പോൾ
നീ തന്നൊരക്ഷരപുണ്യത്താൽ ,
നീ കൈ പിടിച്ചെഴുതിച്ച വിരലുകളാൽ
എഴുതട്ടെ ഞാനെൻ കണ്ണുനീരിൽ ചാലിച്ച വാക്കുകൾ!

നീയെനിക്കാദ്യമൊരു മണമായിരുന്നു -
എണ്ണയുടെ, പിന്നെ ഭസ്മത്തിൻ്റെയും!
ആ മണത്തെയാദ്യം "അമ്മമ്മ" എന്ന് വിളിക്കാൻ
പഠിപ്പിച്ചതാരെന്നതിപ്പോഴോർക്കുന്നില്ല!
പക്ഷെ ഒന്നറിയാം - പിന്നെയെപ്പോഴോ അത് മാറി
"'അമ്മ" എന്നു വിളിച്ചപ്പോൾ എന്നോടൊപ്പം
നിൻ്റെ മനസ്സും നിറഞ്ഞിരുന്നു!
അന്നുതൊട്ടിന്നോളം നീയെനിക്കമ്മയായിരുന്നു!
അതെ, ഒരു ജന്മത്തിൽ രണ്ടമ്മമാരെ കിട്ടിയ
സൗഭാഗ്യവാനായിരുന്നു ഞാൻ - ഇന്നലെ വരെ!

പിന്നെയെപ്പോഴും സായാഹ്നങ്ങളിൽ നിറചിരിയായി,
ഒരു പരിപ്പുവടയുടെ രുചിയായി, കൂടെ ഒരുപാട്‌
സ്നേഹസംഭാഷണങ്ങളായി നീയെൻ്റെ ചാരത്തുണ്ടായിരുന്നു!
ചിലപ്പോൾ പരിഭവമായ്, ചിലപ്പോൾ കണ്ണീരായി,
എപ്പോഴും സ്നേഹം തൂകുന്ന മന്ദഹാസമായ്
നീയെന്നിൽ പെയ്തിറങ്ങുകയായിരുന്നു!
ഇന്നലെകളിലെ കണ്ണീരിനെ നന്മയുടെ കുട ചൂടി
തടുത്ത നിൻ്റെ കഥകളായിരുന്നു എൻ്റെ ആദ്യത്തെ
ജീവിതപാഠപുസ്തകം - ഇന്നും മറക്കാത്ത സ്നേഹ-
പാഠം പകർന്ന എൻ്റെ "ലളിതയാണം"!

പിന്നീടെപ്പോഴോ "ഇനിയെന്ത്?" എന്ന പേടിപ്പെടുത്തുന്ന
ചോദ്യത്തെ, "ഞാനുണ്ടല്ലോ" എന്ന ഒറ്റ വാക്കിൽ
നിൻ്റെ നെഞ്ചോടു ചേർത്ത് കണ്ണീരൊപ്പിയ  നറുനിലാവായി നീ!
കാലിടറുമ്പോഴൊക്കെയും വിറയ്ക്കുന്ന എൻ്റെ കൈകൾ
നിൻ്റെ കയ്യിൽ ഒന്നമർത്തി പിടിച്ചു പറയാതെ പറഞ്ഞു നീ
നിശബ്ദതയിലും ഒരു ചിരിയിൽ, ഒരു ചോദ്യത്തിൽ,
അല്ലെങ്കിലൊരു സ്പര്ശനത്തിൽ പോലും
നിൻ്റെ സ്നേഹം ഞാൻ അനുഭവിക്കുന്നുണ്ടായിരുന്നു!
ഞാനെന്ന സ്വത്വം നീ കൂടെ ചേർന്നതാണെന്ന തിരിച്ചറിവിൽ!
കാരണം - നീയെനിക്കമ്മയാണല്ലോ!

ഒടുവിൽ ഇന്നിതാ തണുത്ത രാത്രിയിൽ
മരവിച്ച കൈകളായ്, തീരാവിലാപമായ് ,
നീ കിടക്കുമ്പോൾ, ഒരു വട്ടം കൂടിയൊന്ന് കാണാൻ പോലും
ഭാഗ്യമായില്ലാതെ, ആ കയ്യിലൊന്ന് തൊടാൻ പോലും കഴിയാതെ
ആയിരം കാതമകലെ നിന്ന് ഞാനിതെഴുതുമ്പോൾ
അമ്മേ, എൻ്റെ കണ്ണീർ തോർന്നിട്ടില്ല, മനമുറച്ചിട്ടുമില്ല.
ഈ ഏകാന്തതയുടെ ഭയപ്പെടുത്തുന്ന നിശബ്ദതയിൽ
വീണ്ടും "ഇനിയെന്ത്" എന്ന ചോദ്യമെന്നെ വിട്ടൊഴിയുന്നുമില്ല!
ഇനിയീ പ്രവാസത്തിൻ വിഴുപ്പുമായ് ഞാനാ വീട്ടിലെത്തുമ്പോൾ ചിരിയ്ക്കുന്ന മുഖവുമായി വാതിൽ തുറക്കാൻ നീയില്ലല്ലോ!

ഇല്ല, നീ അണയില്ല. ഞാൻ  തന്നെയാണ് നീ! എൻ്റെ
ചിരിയും ചിന്തയും അറിവും സ്നേഹവും
എൻ്റെയീ ജീവിതം തന്നെയാണ് നീ!
ഞാനിവിടെ "ചന്ദ്ര"യായ്  "ശേഖറാ"യ്  "പുലി"യായി
പിന്നെയേതൊക്കെ പേരായി മാറിയാലും
എന്നും നിൻ്റെ "കുഞ്ചൻ" തന്നെയല്ലേ!
നീയെൻ്റെ നെഞ്ചിൽ നിറയുന്ന അമ്മയല്ലേ!
ഇനിയുമെഴുതിപ്പോകും ഞാൻ ചിതറിയ വാക്കുകൾ, കലങ്ങിയ മിഴികളും!
നിർത്തട്ടെ ഇവിടെ, ഇനിയൊരു പൊട്ടിക്കരച്ചിലിൻ്റെ
പേമാരിയിലേക്കൊന്നു വീഴട്ടെ ഞാൻ, സ്വസ്തി! 

No comments:

Post a Comment